കേരളത്തിൽ വൻ തോതിൽ പ്രതിഷേധം ആർത്തിരമ്പിയ ആത്മഹത്യയായിരുന്നു അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യ. ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വലിയ തോതിലുള്ള വിദ്യാർത്ഥി പ്രതിഷേധമാണ് ക്യാംപസിനുള്ളിൽ അരങ്ങേറിയത്. ഇതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് കോളെജിനെ എതിർത്തും അനുകൂലിച്ചും വാദപ്രതിവാദങ്ങൾ ഉണ്ടായി.
ഇതിനിടയ്ക്ക്വിദ്യാർത്ഥി സമരത്തിൽ വർഗീയത ആരോപിച്ചുള്ള ഇടുക്കി ഡി.സി.സി സെക്രട്ടറി ബെന്നി പെരുവന്താനത്തിന്റെ മകളുടെ പ്രസംഗവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ പ്രസംഗം ഇടുക്കി ഡി.സി.സി സെക്രട്ടറി ബെന്നി പെരുവന്താനത്ത് ഷെയർ ചെയ്തതോടെ വലിയ പ്രതിഷേധത്തിലാണ് കളമൊരുങ്ങിയത്.
ലൗ ജിഹാദ് ആരോപണം അടക്കമുള്ള മകൾ അലോഖയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോയാണ് ബെന്നി പെരുവന്താനത്ത് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതേ വിഷയത്തിൽ പൊതുവേദികളിലും വിദ്വേഷ പ്രസംഗവുമായി അലോഖ പ്രത്യക്ഷപ്പെട്ടതും വിമർശിക്കപ്പെട്ടിരുന്നു. ‘പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകൾ’ ക്രിസ്ത്യൻ സ്ഥാപനങ്ങളെ തകർക്കാൻ വേണ്ടി നടത്തുന്ന നീക്കമാണെന്നായിരുന്നു വിദ്യാർത്ഥി സമരത്തെ അലോഖ വിശേഷിപ്പിച്ചിരുന്നത്. അമൽജ്യോതി കോളേജ് വന്നത് കാരണം മറ്റ് സമുദായങ്ങളുടെ കോളേജുകൾക്ക് നഷ്ടമുണ്ടായതിനാലാണ് കോളേജിനെ ടാർഗറ്റ് ചെയ്ത് സമരം നടത്തുന്നതെന്നായിരുന്നു അലോഖയുടെ മറ്റൊരു വാദം. ഈ വാദം ഇടുക്കി ഡിസിസി സെക്രട്ടറി ഷെയർ ചെയ്തതാണ് അണികളെ ചൊടിപ്പിച്ചത്.