മയക്കുമരുന്ന് കടത്ത് കേസിൽ ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത ബോളിവുഡ് നടി ക്രിസൻ പെരേരയെ യുഎഇ കോടതി കുറ്റവിമുക്തയാക്കി. നടിയെ കേസിൽ മനപ്പൂർവം കുടുക്കിയതാണെന്നാണ് ഷാർജ കോടതി വിധിച്ചത്. 25 ദിവസത്തെ ജയിൽ വാസത്തിന് ശേഷം നടിയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
അയൽവാസിയുമായുള്ള തർക്കത്തിന്റെ പേരിലാണ് നടിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയത്. വെബ് സീരീസിന്റെ ഓഡീഷനുണ്ടെന്ന വ്യാജേന അയൽവാസി ക്രിസൻ പെരേരയെ സമീപിക്കുകയും തുടർന്ന് ഇവരുടെ ബാഗിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വെക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഏപ്രിൽ 1ന് നടിയെ അറസ്റ്റ് ചെയ്യുകയും യുഎഇയിൽ ജയിലിൽ അടക്കുകയുമായിരുന്നു.
നടിയെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് തുടക്കം മുതൽ കുടുംബം ആരോപിച്ചിരുന്നു. മുംബൈ ക്രൈംബ്രാഞ്ച് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. ഇവരെ കേസിൽ കുടുക്കിയതാണെന്ന് കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. കുറ്റവിമുക്തയാക്കിയതോടെ നടിക്ക് നാട്ടിലേക്ക് തിരിക്കാൻ സാധിക്കും. ക്രിസനിന്റെ പാസ്പോർട്ട് കൈമാറാൻ അധികൃതരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.