മൂർച്ചയേറിയ വസ്തുക്കളുമായി വിദ്യാഭ്യാസ സമുച്ചയത്തിലേക്ക് കടന്ന് കയറാൻ ശ്രമിച്ച അക്രമിയെ അപകടം കൂടാതെ കൈകാര്യം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് ഷാർജ പൊലീസിൻ്റെ അഭിനന്ദനം. ഷാർജയിലെ സായിദ് എജ്യുക്കേഷണൽ കോംപ്ലക്സിന്റെ ഡയറക്ടർ കൂടിയായ ഹെസ്സ അൽ സരിഹിയാണ് അക്രമിയെ സാഹസികമായി കൈകാര്യം ചെയ്തത്. സംഭവസ്ഥലത്ത് പൊലീസ് എത്തും വരെ അപകടം ഉണ്ടാക്കാതെ അക്രമിയെ തടഞ്ഞു നിർത്താൻ ഇവർക്ക് സാധിച്ചതായി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി അറിയിച്ചു.
ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു വ്യക്തി മൂർച്ചയേറിയ ആയുധവുമായി സ്കൂളിലേക്ക് അതിക്രമിച്ച് കയറുകയായായിരുന്നു. സംഭവം ഉടനെ തന്നെ ഹെസ്സ അൽ സരിഹി അധികൃതരെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുന്നതുവരെ അൽ സരിഹി സ്ഥിതിഗതികൾ സമാധാനപരമായി കൈകാര്യം ചെയ്തു. ആദരിക്കൽ ചടങ്ങിൽ സായിദ് എജ്യുക്കേഷൻ കോംപ്ലക്സിലെ അക്കാദമിക്, വൊക്കേഷണൽ കൗൺസിലർ അമൽ അൽ ലൗഖാനി പങ്കെടുത്തു. അതേസമയം ക്യാംപസിലുള്ളവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഈ സംഭവത്തെ നേരിടാനുള്ള ധൈര്യവും വിവേകവുമാണ് അൽ സരിഹി പ്രകടിപ്പിച്ചതെന്ന് ജനറൽ അൽ ഷംസി പറഞ്ഞു.
ആദരവിനും അഭിനന്ദനം നൽകിയതിനും അൽ സരിഹി ഷാർജ പൊലീസ് ജനറൽ കമാൻഡിന് നന്ദി അറിയിക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ പ്രശ്നങ്ങളെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ധൈര്യവും വിവേകവുമാണ് ഹെസ്സ പ്രകടമാക്കിയത്. ഇനിയും ഇതേ രീതിയിലുള്ള സമീപനം സ്വീകരിക്കാനും സുരക്ഷാ സേവനങ്ങളുമായി സഹകരിക്കാനും പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത് സമൂഹത്തിലെ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് ഷാർജ പോലിസ് അറിയിച്ചു.