യുഎഇയിലെ മതസഹിഷ്ണുതയുടെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസ് കൂടുതൽ ആരാധകരെ ആകർഷിക്കുന്നു. മസ്ജിദ്, പള്ളി, സിനഗോഗ് എന്നിവയ്ക്ക് നേതൃത്വം നൽകുന്ന വിശ്വാസ വിഭാഗങ്ങളുടെ നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്ന ബഹുമത ആരാധനാലയം അബുദാബിയിലെ സാദിയാത്ത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാർച്ചിൽ ആരാധനാലയം തുറന്നതുമുതൽ നിരവധി ആളുകളാണ് സമുച്ചയത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്ത പാരമ്പര്യങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും അറിവ് പകരുന്ന ഇടം എന്ന നിലയിലും നിരവധി സന്ദർശകരെത്തി.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കുള്ള ആരാധകരുടെ ആയിരത്തിലധികമാണെന്ന് മസ്ജിദിന്റെ ഇമാം ഡോ മഹ്മൂദ് അൽ ഖലഫ് പറഞ്ഞു. പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർക്ക് ഇതര മതസ്ഥരെ കാണാൻ അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുച്ചയത്തിനുള്ളിലെ സെൻ്റ് ഫ്രാൻസിസ് ചർച്ച് യുഎഇയിലെ ക്രിസ്ത്യൻ സമൂഹത്തിൻ്റെ ഒരു പ്രധാന ആരാധനാലയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഫാദർ ഡാരിക് ഡിസൂസയും സൂചിപ്പിച്ചു. മതസൗഹാർദത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് സന്ദർശകർക്ക് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറബ് ലോകത്തെ ആദ്യമായി യഹൂദ ആരാധനാ കേന്ദ്രമാണ് അബ്രഹാമിക് ഫാമിലി ഹൗസിലെ മോസസ് ബെൻ മൈമൺ സിനഗോഗ്. സിനഗോഗ് ആരംഭിച്ചത് മുതൽ യുഎഇയിലെ മുഴുവൻ ജൂത സമൂഹത്തിന്റെയും ആത്മീയ കേന്ദ്രമായിമ മാറിയതായി റബ്ബി യെഹൂദ സർനയും വ്യക്തമാക്കി.
2019ൽ എമിറേറ്റ്സ് സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ അഹമ്മദ് അൽ തയേബും ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയുടെ ഭൗതിക പ്രകടനമാണ് അബ്രഹാമിക് ഫാമിലി ഹൗസ് . മതത്തിൻ്റെ പേരിലുളള യുദ്ധവും കലഹവും അവസാനിപ്പിക്കാൻ ലോകമെമ്പാടുമുള്ള ആളുകളോട് ആഹ്വാനം ചെയ്യുന്നതാണ് അബ്രഹാമിക് ഫാമിലി ഹൗസിൻ്റെ സന്ദേശം.