കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊല്ലം കുണ്ടറയിൽ സബ് രജിസ്ട്രാറും ഓഫീസ് അസിസ്റ്റന്റും പിടിയിൽ. സബ് രജിസ്ട്രാർ എൻ. റീന, ഓഫീസ് അസിസ്റ്റ്ൻ്റ് കടവൂർ കുരീപ്പുഴ സ്വദേശി സുരേഷ് കുമാർ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്.
എഴുത്തുകാരനിൽ നിന്നും ആധാരം രജിസ്റ്റർ ചെയ്യുന്നതിന് നാലായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും വിജിലൻസിന്റെ പിടിയിലായത്. ഒരു ആധാരം റജിസ്റ്റർ ചെയ്യുന്നതിന് 1500 രൂപയാണ് എഴുത്തുകാരനോട് കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് പ്രമാണം രജിസ്റ്റർ ചെയ്യാനുള്ളതിനാൽ 4500 രൂപ അവശ്യപ്പെടുകയും എഴുത്തുകാരൻ 4000 രൂപ നൽകാമെന്ന് പറഞ്ഞതിനേത്തുടർന്ന് അത് വാങ്ങുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
രജിസ്റ്റർ ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഓഫീസിൽ പരിശോധന നടത്തിയത്. ഇന്നലെ വയനാട്ടിൽ പൊതുമരാമത്ത് കരാറുകാരനിൽ നിന്നു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ടാക്സ് ആൻഡ് എക്സൈസ് വകുപ്പ് കൽപറ്റ ഓഫീസ് സൂപ്രണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.