മഹാരാജാസ് കോളേജ് വ്യാജ സർട്ടിഫിക്കറ്റ് വിവാദ കേസിൽ കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി സംഘടന രംഗത്ത്. കേസിൽ എട്ട് ദിവസം പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് മലയാള വേദി പ്രവർത്തകർ ഇതിനായി രംഗത്ത് വന്നത്.
വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാൽ എട്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ പിടികൂടാനോ, ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞില്ല. ഇന്നലെ അട്ടപ്പാടി ഗവൺമെന്റ് കോളേജിലെത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
ജൂൺ രണ്ടിന് നടന്ന അഭിമുഖത്തിന് കെ വിദ്യ സ്വിഫ്റ്റ് കാറിലാണ് കോളേജിലെത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമായിട്ടില്ല. വിദ്യയെ ഇറക്കി കോളേജിന് പുറത്ത് പോയ കാർ പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വിദ്യയെ കൂട്ടിക്കൊണ്ടുപോകാനാണ് തിരിച്ചെത്തിയത്. ഈ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കൊണ്ടുപോയിരുന്നു,