ഹജ്ജ് തീര്‍ത്ഥാടനത്തിനുളള ഒരുക്കൾ മുന്നോട്ട്. ഇക്കൊല്ലത്തെ ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് മിനയില്‍ സ്ഥലം നിര്‍ണ്ണയിക്കാനുളള നടപടികൾ ഹജ്ജ് ഉമ്ര മന്ത്രാലയം പൂര്‍ത്തിയാക്കി. അതേ സമയം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മിന അബാറാജ് ടവറില്‍ ഉൾപ്പെടെ താമസ സൗകര്യങ്ങളും നിശ്ചയിച്ചു.
ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൾ ഫത്താഹ് മഷാത്തിന്റേയും കോ-ഓര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ മേധാവി ഡോ. സഈദ് അല്‍ ജുഹ്നിയുടെയും മേല്‍നോട്ടത്തിലാണ് മിനയില്‍ സ്ഥലം നിര്‍ണയിച്ച് നല്‍കുന്നത്.
സ്ഥലം ആവശ്യമുളള കമ്പനികൾ ആദ്യം ആപേക്ഷ സമര്‍പ്പിക്കണം. പിന്നിട് തരംതിരിക്കല്‍ നടത്തിയാണ് അനുമതി നല്‍കുക. മിക്ക കമ്പനികളുടേയും പെര്‍മിറ്റ് പുതുക്കിയിട്ടുണ്ടെന്നും ഹജ്ജ് സേവന കമ്പനികളുടേയും സ്ഥാപനങ്ങളുടേയും ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഇരുവരും സൂചിപ്പിച്ചു.
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങളുമായി 184 സ്ഥാപനങ്ങൾ തയ്യാറാണെന്ന് കോ-ഓര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ മേധാവി ഡോ. സഈദ് അല്‍ ജുഹ്നി വ്യക്തമാക്കി. ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ 10 ദിവസത്തിനുള്ളിൽ നടക്കുമെന്ന് ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൾ ഫത്താഹും പറഞ്ഞു.