യുവനടിയുടെ പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 9 മണിയോടെ തേവര പൊലീസ് സ്റ്റേഷനിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. 39 ദിവസം ഒളിവിൽ പോയ ശേഷമാണ് ഇന്നലെ വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. ഇന്നലെ ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്.
പൊലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്തത്. ലൈംഗികമായി നടിയെ പീഡിപ്പിച്ചിട്ടിലെന്നും പരാതിക്കാരിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ആണുണ്ടായിരുന്നത് എന്നുമാണ് വിജയ് ബാബുവിന്റെ മൊഴി. സിനിമയിൽ അവസരം നല്കാത്തതിനാൽ തന്നെ കള്ളക്കേസിൽ കുടുക്കുകയാണുണ്ടായത് എന്നും പറഞ്ഞു. ഒളിവിൽ പോകാൻ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു മൊഴിയിൽ പറയുന്നു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.