ടേക്ക് ഓഫീനിടെയുണ്ടായ സാങ്കേതിക പിഴവിനെ തുടർന്ന് കുട്ടിയിടിക്കാനൊരുങ്ങി യാത്രാ വിമാനങ്ങൾ. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇവാ എയറിൻറെ യാത്രാ വിമാനവും തായ് എയർവേയ്സിൻറെ യാത്രവിമാനവുമാണ് വിമാനത്താവളത്തിനുള്ളിൽ കൂട്ടിയിടി സാഹചര്യം സൃഷ്ടിച്ചത്.
ശനിയാഴ്ച രാവിലെ ജപ്പാനിലെ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തിലാണ് വൻ അപകട സാധ്യതയുണ്ടായത്. പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം. ഇരു വിമാനങ്ങളും ഒരേ സമയത്ത് ഒരേ റൺവേയിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ തായ് വിമാനത്തിൻറെ ചിറക് ഒടിഞ്ഞിട്ടുണ്ട്. അവശിഷ്ടങ്ങൾ റൺവയിൽ നിന്ന് തന്നെ കണ്ടെത്തിയെന്നാണ് വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ ഫൂട്ടേജുകളിൽ വ്യക്തമാവുന്നത്.
ഇവാ എയറിൻറെ 2618 ടി ഡബ്ല്യു വിമാനത്തിൽ 207ഉം തായ് എയർവേയ്സിൻറെ ടിഎച്ച്എഐ ബി കെ വിമാനത്തിൽ 264 യാത്രക്കാരുമുള്ളപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചിട്ടുള്ളത്. കൃത്യമായി സംഭവിച്ചത് എന്താണെന്നതിൽ ടോക്കിയോ ഏവിയേഷൻ ഓഫീസ് ഇനിയും വിശദീകരണം നൽകിയിട്ടില്ല. ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇവാ എയർവേയ്സിൻറെ വിമാനത്തിന്‌റെ റിയർ ഭാഗത്താണ് തായ് വിമാനം തട്ടിയത്. അപകടത്തിന് പിന്നാലെ സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചു.