അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ)യുടേ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ നടപടികൾ ശക്തമാക്കുന്നു. എമിറേറ്റിലെ 7,000 ത്തോളം വരുന്ന ഭക്ഷ്യ സ്ഥാപനങ്ങളുടെ പുറത്ത് സദ്ന റേറ്റിംഗ് സ്റ്റിക്കറുകൾ പതിക്കുന്നതിനുളള സംരംഭത്തിന് തുടക്കമായി. റെസ്റ്റോറന്റിൻ്റേയോ കഫേയുടെയോ ഭക്ഷ്യസുരക്ഷാ നിലവാരം പൊതുജനങ്ങൾക്ക് വിലയിരുത്താവുന്ന ക്യുആർ കോഡ് സംവിധാനമാണിത്.
6900 റെസ്റ്റോറൻ്റുകൾ, കഫേകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സദ്ന റേറ്റിംഗ് ലേബലുകൾ സ്ഥാപിക്കുന്നതിനാണ് നീക്കം. ഓഗസ്റ്റ് അവസാനത്തോടെ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു. ആപ്പ് ഉപയോഗിച്ച് ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ മികച്ചത്, വളരെ നല്ലത്, നല്ലത്, മെച്ചപ്പെടേണ്ടതുണ്ട് എന്നിങ്ങനെ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനാകും.
അബുദാബിയെ പ്രീമിയം ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ഉയർത്തുന്നതിനൊപ്പം ഉയർന്ന നിലവാരമുള്ള നിലവാരം സ്ഥാപിക്കാനുമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെ നിലവാരത്തെ അടിസ്ഥാനമാക്കി ഭക്ഷ്യ സ്ഥാപനങ്ങളെ പദ്ധതിയിലൂടെ വിലയിരുത്താനാകും. അബുദാബി പബ്ലിക് ഹെൽത്ത് സെൻ്ററിൻ്റെ സെഹി പ്രോഗ്രാമും പദ്ധതിയുടെ ഭാഗമായി സഹകരിക്കും.
ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി, ശുചിത്വം, താപനില നിയന്ത്രണങ്ങൾ, ഭക്ഷ്യ സുരക്ഷാ മാനേജ്മെൻ്റ് സംവിധാനങ്ങൾ, ഉപകരണങ്ങൾ, മാലിന്യ നിർമാർജന സൗകര്യങ്ങൾ, രേഖകൾ,അനുമതികൾ തുടങ്ങി വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് റേറ്റിംഗ് കണക്കാക്കുക.