ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ സമയോചിതമായ ഇടപെടലിലൂടെ ദുബായിൽ ബസ് ലേബർ മുറിക്ക് സമാനമായി മാറി. ഇന്നലെയാണ് ദുബായ് – അജ്മാൻ യാത്രയ്ക്കിടയിൽ ഡബിൾ ഡെക്കർ ഇന്റർസിറ്റി ബസിൽവെച്ച് ഉഗാണ്ടക്കാരിയായ യുവതി കുഞ്ഞിന് ജന്മം നല്കിയത്. ഏറെ ജനശ്രദ്ധ നേടിയ സന്തോഷകരവും ആകാംഷാഭരിതവുമായ ഒരു വാർത്തയായിരുന്നു ഇത്. നിരവധി പേരാണ് അമ്മയുടെയും കുഞ്ഞിന്റെയും സുഖവിവരം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
പ്രസവവേദന ആരംഭിച്ച യുവതിക്ക് സുരക്ഷ ഉറപ്പാക്കാൻ ആദ്യമെത്തിയത് ബസിന്റെ ഡ്രൈവർ തന്നെയായിരുന്നു. അവിചാരിതമായി ബസിന്റെ മുകളിലെ ഡക്കറിൽ നിന്ന് നിലവിളി ഉയർന്നപ്പോഴാണ് 41-കാരനായ ബസ് ഡ്രൈവർ മുഹമ്മദ് മുസ്തഫ കാര്യം അന്വേഷിക്കാനെത്തിയത്. പ്രസവവേദനയെടുത്ത് നിലവിളിക്കുന്ന യുവതിയെ കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും നാല് കുട്ടികളുടെ പിതാവായ മുസ്തഫ ധൈര്യസമേതം യുവതിക്ക് സാഹായത്തിനെത്തുകയായിരുന്നു. ഉടൻതന്നെ യാത്രക്കാരെ ഒരു വശത്തേക്ക് മാറ്റിയശേഷം യുവതിയുടെ സ്വകാര്യത ഉറപ്പാക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്.
വേദനകൊണ്ട് നിലവിളിച്ച യുവതിയോട് ‘കുഞ്ഞിന്റെ മുഖം മനസിൽ വിചാരിക്കൂ’ എന്ന ഉദേശത്തോടൊപ്പം ആത്മധൈര്യം നൽകാൻ മുസ്തഫ ഒരു മടിയും കാണിച്ചില്ല. “എനിക്കും മക്കളുണ്ട്. ഇത്തരം അവസ്ഥയിലൂടെ എന്റെ ഭാര്യയും കടന്നുപോയതാണ്. അതിനാൽ ഒരു സ്ത്രീയുടെ പ്രസവവേദന എത്രമാത്രമുണ്ടെന്ന് എനിക്ക് മനസിലാകും. യുവതിയെ കണ്ടപ്പോൾ എന്റെ സഹോദരിയെപ്പോലെയാണ് തോന്നിയത്” മുസ്തഫ പറഞ്ഞു. തുടർന്ന് യുവതിക്ക് വൈദ്യസഹായം നൽകുന്നതിനായി അധികൃതരുമായി ബന്ധപ്പെടാനും മുസ്തഫ മറന്നില്ല.
അല്പസമയത്തിന് ശേഷം കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ താൻ അതീവ സന്തോഷവാനായെന്നും മുസ്തഫ പറഞ്ഞു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് എത്തുകയും ഇരുവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മുസ്തഫയുടെ സമയോചിതമായ ഇടപെടലിനെ ആർടിഎ പ്രശംസിക്കുകയും ചെയ്തു. 2007 മുതൽ പബ്ലിക് ബസ് ഡ്രൈവറായ മുസ്തഫ ഈജിപ്റ്റ് സ്വദേശിയാണ്.