ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം നടത്തി ഈ മാസം 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്ര സർക്കാര്‍ ഉറപ്പ് നൽകി. താരങ്ങൾക്കെതിരായ കേസുകളും പിൻവലിക്കും. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. ഈ സാഹചര്യത്തിൽ താരങ്ങൾ സമരം താൽകാലികമായി നിർത്തി.
ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം.
ഇതിന് പിന്നാലെ ഗുസ്തി താരങ്ങൾ സമരത്തിൽ നിന്നും പിൻമാറിയെന്ന രീതിയിൽ വാര്‍ത്ത പ്രചരിച്ചു. എന്നാൽ നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ സാക്ഷി, സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് ട്വിറ്ററിലും കുറിച്ചു. ആവശ്യമെങ്കിൽ ജോലി രാജിവെക്കാനും മടിയില്ലെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം.