അന്തരിച്ച വിഷ്വൽ ഡിസൈനർ അനൂപ് രാമകൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്ത് മോഹൻലാൽ. മലയാള സിനിമകളുടെ തലക്കെട്ടുകളുടെ കഥ പറയുന്ന ‘ടൈറ്റിൽ-ഒ-ഗ്രാഫി’ എന്ന പുസ്തകമാണ് മോഹൻലാൽ പ്രകാശനം ചെയ്തത്. 2021-ൽ ആയിരുന്നു അനൂപ് രാമകൃഷ്ണൻ അന്തരിച്ചത്.
“നമുക്കൊപ്പമില്ലാത്ത അനൂപിനെ ഹൃദയത്തോട് ചേർത്തുനിർത്തി ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ പുസ്തകം മലയാളത്തിന് സമർപ്പിക്കുന്നു” എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
മോഹൻലാലിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
“ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അതിന്റെ ടൈറ്റിൽ ആയിരിക്കും, അല്ലേ. ശിൽപസൗന്ദര്യം പോലെ നമ്മുടെയൊക്കെ മനസിൽ പതിഞ്ഞുകിടക്കുന്ന എത്രയെത്ര സിനിമ ടൈറ്റിലുകളാണുള്ളത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എന്റെ പ്രിയ സുഹൃത്ത് അനൂപിന്റെ സ്വപ്നമായിരുന്നു മലയാളസിനിമയിലെ ടൈറ്റിലുകളുടെ പകർന്നാട്ടങ്ങളെക്കുറിച്ചുള്ള ഒരു സമഗ്ര പുസ്തകം. ആ സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണ് ‘ടൈറ്റിൽ-ഒ-ഗ്രാഫി’.
ടൈറ്റിൽ-ഒ-ഗ്രാഫി എന്ന സമാനതകളില്ലാത്ത ഈ പുസ്തകത്തിലൂടെ അനൂപ് സിനിമാ തലക്കെട്ടുകൾക്ക് പിന്നിലെ അത്ഭുതലോകം നമുക്ക് മുന്നിൽ തുറന്നിടുകയാണ്. ഇന്ന് നമുക്കൊപ്പമില്ലാത്ത അനൂപിനെ ഹൃദയത്തോട് ചേർത്തുനിർത്തി ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ പുസ്തകം മലയാളത്തിന് സമർപ്പിക്കുന്നു.” മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.