സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ വഴി പിഴ ഈടാക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. രണ്ട് ദിവസം പിന്നിട്ടിട്ടും ഒരു നോട്ടീസ് പോലും അയയ്ച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതൽ നിയമലംഘനങ്ങൾ കണ്ടെത്തി സോഫ്റ്റുവെയറിലേക്ക് അപ്ലോഡ് ചെയ്തെങ്കിലും ആർക്കും എസ്എംഎസ് പോയില്ല. ചെല്ലാനും തയ്യാറായില്ല. ഇത്രയും അധികം നിയലംഘനങ്ങൾ ഒരുമിച്ച് അപ്ലോഡ് ചെയ്യുമ്പോൾ സോഫ്റ്റുവെയറിൽ മാറ്റം വരുത്താൻ എൻഐസി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം.
പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഇന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോട്ടോർ വാഹന വകുപ്പ് പ്രതികരിച്ചു.
വാഹന ഉടമക്ക് എസ്എംഎസ് പോകേണ്ടതും ഈ ചെല്ലാൻ തയ്യാറാക്കുന്നതുമെല്ലാം നാഷണൽ ഇൻഫോമാറ്റിക് സെൻററിൻറെ കീഴിലുള്ള സോഫ്ററുവെയർ വഴിയാണ്.
ഇന്നലെ രാത്രിയോടെ സാങ്കേതിക പ്രശ്നം പരിഹരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇതേവരെ ആയിട്ടില്ല. ഒരു ദിവസം 25,000 പേർക്കാണ് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നു ദിവസത്തെ നിയമതടസ്സങ്ങൾ ഒരുമിച്ചാകുമ്പോൾ കൺട്രോൾ റൂമുകളിൽ നിന്നും തപാൽ വഴി നോട്ടീസയക്കുന്നതും വലിയ വെല്ലുവിളിയാണ്. അതിനാൽ കൺട്രോൾ റൂമിലെ പരിശോധനയിൽ കൃത്യം നിയമലംഘനങ്ങൾ തെളിഞ്ഞിട്ടുളളവർക്ക് മാത്രം നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം.