യുഎസിലെ സാൻ ഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന AI173 വിമാനമാണ് എഞ്ചിൻ തകരാർ കാരണം റഷ്യയിലെ മഗദാനിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിൽ 216 യാത്രക്കാരും 16 ജീവനക്കാരുണ്ടെന്ന് ജൂൺ 6 വൈകുന്നേരം എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം വിമാനത്തിൽ അമേരിക്കൻ പൌരൻമാരുണ്ടെന്ന് കരുതുന്നതായും എന്നാൽ എത്ര അമേരിക്കൻ പൗരന്മാരാണ് ഉളളതെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്നുമാണ് യുഎസ് വക്താവ് പറഞ്ഞത്. അമേരിക്കൻ പൌരൻമാരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പകരം വിമാനം അയച്ച് യാത്ര തുടരുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. യാത്രക്കാർക്ക് ഗ്രൗണ്ടിൽ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും വിമാനം ഗ്രൗണ്ടിൽ നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അധികൃതർ സൂചിപ്പിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദവും രേഖപ്പെടുത്തി. സാങ്കേതിക പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കുമെന്നും യുഎസ് വക്താവ് അറിയിച്ചു.