യുവനടിയുടെ പീഡന പരാതിയിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് തിരിച്ചെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യം തെളിയിക്കുമെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസുമായി പൂർണമായും
സഹകരിക്കുമെന്നും ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്നും വിജയ് ബാബു പറഞ്ഞു.
നടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തതോടെ ദുബായിലേക്ക് കടന്ന വിജയ് ബാബു 39 ദിവസത്തിന് ശേഷമാണ് തിരികെ എത്തുന്നത്. ഇന്ന് തിരികെയെത്തുമെന്ന് വ്യക്തമാക്കി വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ യാത്രാരേഖകളടക്കം ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ച കോടതി നാളെ വരെ അറസ്റ്റ് തടഞ്ഞ് ഉത്തരവിടുകയായിരുന്നു.
വിജയ് ബാബു നാട്ടിൽ തിരികെയെത്തുക എന്നതാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എതിർത്ത പ്രോസിക്യൂഷനോട്, പ്രതി നാട്ടിൽ എത്താതെ എന്തു ചെയ്യാനാകുമെന്നും ചോദിച്ചു.
വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന് ചോദിച്ച കോടതി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്നും നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിരുന്നു.