കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
വിഷയത്തിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് യുവജന കമ്മീഷൻ നിലപാടെടുത്തിരിക്കുന്നത്. ജനാധിപത്യവിരുദ്ധ നടപടികളാണ് കോളേജിൽ നടക്കുന്നതെന്ന വിലയിരുത്തലിന്റേയും പരാതികളുടേയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെടൽ.
കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചിടുകയും ചെയ്തു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകിയെങ്കിലും വിദ്യാർത്ഥികൾ അത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.