ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിലെ അവസാന മാസത്തിലെ (ദു-അൽ-ഹിജ്ജ) പത്താം ദിവസമാണ് ത്യാഗത്തിൻ്റെ ഉത്സവം എന്നറിയപ്പെടുന്ന ഈദ്-ഉൽ-അദ്ഹ. ഇബ്രാഹിം നബിയുടെ അല്ലാഹുവിനോടുള്ള ഭക്തിയുടെയും മകനായ ഇസ്മയിലിനെ ബലിയർപ്പിക്കാനുള്ള സന്നദ്ധതയുടെയും സ്മരണയാണ് ഈദുൽ അദ്ഹ ആചരിക്കുന്നത്.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ അറഫാത്ത് ദിനം ജൂൺ 27 ചൊവ്വാഴ്ച വരുമെന്നാണ് പ്രതീക്ഷ. യുഎഇ എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇതോടെ ഈദ് അൽ അദ്ഹ അവധികൾ ജൂൺ 28 ബുധനാഴ്ചയ്ക്കും 2023 ജൂൺ 30 വെള്ളിയാഴ്ചയ്ക്കും ഇടയിൽ വരുമെന്നാണ് നിഗമനം. ഈ ദിവസം യുഎഇയിൽ ദേശീയ അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ശനിയാഴ്ചയും ഞായറാഴ്ചയും ഉൾപ്പെടെ ആറ് ദിവസത്തെ വാരാന്ത്യമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ശനിയാഴ്ച പ്രവൃത്തി ദിനമുള്ളവരാണെങ്കിൽ അവധി കഴിഞ്ഞ് ജൂലൈ ഒന്നിന് ജോലിക്ക് ഹാജരായാൽ മതിയാകും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മധ്യവേനൽ അവധി ആരംഭിക്കുന്നതിനാൽ നാട്ടിലേക്ക് പോകുന്ന കുടുംബങ്ങൾക്ക് ഈദ് അവധി കൂടി പ്രയോജനപ്പെടുത്തി ഒരാഴ്ച നേരത്തെ പോകാനും അവസരമുണ്ട്.