ബീഹാറിലെ ഭാഗൽപുരിൽ ഗംഗാനദിയ്ക്ക് കുറുകെ നിർമ്മാണത്തിലിരുന്ന അഗുവാനി സുൽത്താൻഗഞ്ജ് പാലം തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പാലം തകർന്നുവീണതല്ലെന്നും പാലത്തിന്റെ രൂപകൽപനയിൽ അപാകതയുണ്ടെന്ന് വിദഗ്ധർ കണ്ടെത്തിയതിനെ തുടർന്ന് പാലം തകർത്തതാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരമാണ് പാലത്തിന്റെ നടുഭാഗം തകർന്ന് ഗംഗാനദിയിലേക്ക് വീണത്. 2022-ൽ ഇടിമിന്നലേറ്റ് പാലത്തിന്റെ ഒരുഭാഗം തകർന്നുവീണതിനെ തുടർന്ന് റൂർക്കി ഐഐടിയിൽ നിന്നുള്ള വിദഗ്ധസംഘത്തെ പരിശോധനക്കായി നിയോഗിച്ചിരുന്നു. തുടർന്ന് പാലത്തിന്റെ രൂപകൽപനയിൽ ഗുരുതരമായ സാങ്കേതിക തകരാറുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പാലത്തിന്റെ തൂണിന്റെ ഒരുഭാഗം തകർക്കുകയായിരുന്നുവെന്നും തേജസ്വി യാദവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ കൊല്ലം ഏപ്രിൽ 30-നായിരുന്നു പാലത്തിന്റെ ഭാഗം തകർന്നുവീണത്. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന താൻ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നതായും അധികാരത്തിലെത്തിയ ഉടനെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. 1,717 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലമാണിത്.