മക്കയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഹജ്ജ് നിർവഹിക്കാൻ എത്തിയ തീർഥാടകർക്ക് ഇരുഹറം കാര്യാലയം കുടകൾ വിതരണം ചെയ്തു. കാര്യാലയത്തിന് കീഴിലുള്ള സാമൂഹിക, സന്നദ്ധ, മാനുഷിക സേവന വകുപ്പാണ് ഹറമിലെത്തുന്ന തീർഥാടകർക്ക് ആശ്വാസമായി കുടകൾ വിതരണം ചെയ്യുന്നത്.
ഓരോ ദിവസവും ആയിരക്കണക്കിന് കുടകളാണ് ഇരുഹറം വിതരണം ചെയ്ത് വരുന്നത്. ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. ഹജ്ജ് വേളയിൽ ഇരുഹറം കാര്യാലയം തീർഥാടകർക്ക് കുടകൾ വിതരണം ചെയ്യുന്നത് പതിവാണ്.
‘തീർഥാടകരെ സേവിക്കുന്നതിൽ അഭിമാനം’ എന്ന സംരംഭത്തിന് കീഴിലാണ് ഹറമിലെത്തുന്നവർക്ക് കുടകൾ വിതരണം ചെയ്യുന്നത്. തീർഥാടകർക്ക് കൂടുതൽ മാനുഷിക സേവനങ്ങൾ നൽകാൻ വകുപ്പ് സജ്ജമാണെന്ന് സാമൂഹിക, സന്നദ്ധ, മാനുഷിക സേവന വിഭാഗം അസി. അണ്ടർസെക്രട്ടറി ഉമർ ബിൻ സുലൈമാൻ അൽമുഹമ്മദി പറഞ്ഞു.