തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാൾ പോലീസ് പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദുൽ ലത്തീഫിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. അബ്ദുൽ ലത്തീഫിനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
ഇന്നലെ രാത്രിയോടെ ട്വിറ്ററിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ അബ്ദുൽ ലത്തീഫിനെക്കുറിച്ച് പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. വ്യാജ ട്വിറ്റർ ഹാൻഡിലിൻ്റെ ബേസിക്ക് ലിങ്ക് ആയി നൽകിയത് ഇയാളുടെ ഒറിജിനൽ ഹാൻഡിൽ തന്നെയായിരുന്നു. ആ വഴിക്കാണ് പൊലീസ് അന്വേഷണം നടത്തിയത്.