കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായ് ഭരണാധികാരിയെ പൊതുസ്ഥലങ്ങളിൽ പലയിടത്തും സെക്യൂരിറ്റി ഇല്ലാതെ പലരും കണ്ടതായി വാർത്തകൾ വന്നിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാനുള്ള അവസരം ലഭിക്കുമോ എന്ന് പല നിവാസികളും ചിന്തിച്ചിരുന്നു. ഇപ്പോഴിതാ വെള്ളിയാഴ്ച എമിറേറ്റിലെ ദുബായ് ഹിൽസ് മാളിൽ ഷോപ്പിംഗ് നടത്തുന്നവരും ഭക്ഷണം കഴിക്കുന്നവർക്കുമാണ് ആ ഭാഗ്യം ലഭിച്ചത്.
സെക്യൂരിറ്റി ഇല്ലാതെ യുഎഇ യുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രശസ്തമായ ഫ്രഞ്ച് കഫേയായ ലഡൂറിയിലേക്ക് നടന്നുവരുന്നത് പലരും അത്ഭുതത്തോടെയാണ് കണ്ടത്. അടുത്തിടെ മാൾ ഓഫ് എമിറേറ്റ്സിലും അദ്ദേഹം ഇത്തരത്തിൽ സന്ദർശനം നടത്തിയിരുന്നു. ഒരു സാധാരണക്കാരനെ പോലെ അദ്ദേഹം എല്ലാവരോടും പെരുമാറി. സ്റ്റാഫുകളിൽ ചിലർ ഇത് കണ്ട് ആശ്ചര്യപ്പെട്ടു.
പ്രിയപ്പെട്ട ഭരണാധികാരിയെ അടുത്ത് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഭാഗ്യവതിയായ പെൺകുട്ടിയാണ് താനെന്നും ശൈഖ് മുഹമ്മദിന്റെ വീഡിയോ ഷെയർ ചെയ്ത യുഎഇ വനിത കുറിച്ചു. കൂടാതെ അവർ തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു വിഡിയോയിൽ ദുബായ് ഭരണാധികാരി എല്ലാവരെയും നോക്കി കൈ വീശുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്.