ഐക്യദാർഢ്യം, സമഗ്രത, നീതി, ശുഭാപ്തിവിശ്വാസം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും സമാധാനപരമായ സഹവർത്തിത്വത്തിലേക്കുള്ള മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിനും നിസ്വാർത്ഥമായും അശ്രാന്തമായും പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര അവാർഡായ സായിദ് അവാർഡ് -2024 പതിപ്പിന് നോമിനേഷനുകൾ സ്വീകരിച്ചു തുടങ്ങി .
സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലും മനുഷ്യ സാഹോദര്യം മുന്നോട്ട് കൊണ്ടുപോകുന്ന ആളുകളെയും സംഘടനകളെയും നാമനിർദ്ദേശം ചെയ്യാൻ സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി സെക്രട്ടറി ജനറൽ ജഡ്ജ് മുഹമ്മദ് അബ്ദുൽസലാം ആഹ്വാനം ചെയ്തു. യോഗ്യരായ നോമിനേറ്റർമാർക്ക് സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നോമിനേഷനുകൾ സമർപ്പിക്കാനാകും.
നോമിനേഷനുകൾ 2023 ഒക്ടോബർ 1 വരെ സ്വീകരിക്കും. വിദഗ്ധരുടെ ഒരു സ്വതന്ത്ര ജഡ്ജിംഗ് കമ്മിറ്റിയാണ് നോമിനേഷനുകൾ അവലോകനം ചെയ്യ്ത് അർഹരായവരെ കണ്ടെത്തുന്നത്. 2024 ഫെബ്രുവരി 4-ന് നടക്കുന്ന ചടങ്ങിലാണ് അവാർഡ് വിതരണം ചെയ്യുക. ഇതിനകം ലോകമെമ്പാടുമുള്ള നേതാക്കൾ, പ്രവർത്തകർ, മാനുഷിക സംഘടനകൾ എന്നിവരെ സായിദ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
2019-ൽ അബുദാബിയിൽ വെച്ച് കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയും അൽ-അസ്ഹറിലെ ഹിസ് എമിനൻസ് ഗ്രാൻഡ് ഇമാം പ്രൊഫസർ അഹമ്മദ് അൽ-തയീബും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയുടെയും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിൽ ഇരു നേതാക്കളും ഒപ്പുവച്ചതിന്റെയും സ്മരണയ്ക്കായി ആരംഭിച്ചതാണ് സായിദ് അവാർഡ്. ഒരു മില്യൺ ഡോളർ സാമ്പത്തിക സമ്മാനം അടങ്ങുന്നതാണ് പുരസ്കാരം.