പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊല നടത്തിയത് ഗുണ്ടാസംഘമെന്ന് പൊലീസ് അറിയിച്ചു. ലോറൻസ് ബിഷ്ണോയി എന്ന ഗുണ്ടാ നേതാവിന്റെ സംഘത്തിൽപ്പെട്ട ലക്കി കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ജുഡീഷ്യൻ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സിദ്ദു മൂസെവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
കൊലപാതകത്തിനുപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്ത തായും കൊലപാതകവുമായി ബന്ധമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനകളുണ്ട്. പഞ്ചാബിലെ മാന്‍സ ജവഹര്‍കേയിലെയിൽ വച്ച് ഇന്നലെയാണ് കൊലപാതകം നടന്നത്. ആം ആദ്മി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് വീട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. കാറിന് നേരെ മുപ്പത് റൗണ്ട് വെടിയുതിർത്ത സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾക്കും പരുക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസേവാലയുടെ മരണം സംഭവിച്ചിരുന്നു. 28 വയസുള്ള മൂസേവാല വലിയ ആരാധകരുള്ള പഞ്ചാബ് റാപ്പ് താരം ആയിരുന്നു. ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പഞ്ചാബില്‍ സിദ്ദു മൂസേവാല ഉള്‍പ്പടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന കൊലപാതകത്തിൽ എഎപി സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. സിദ്ദുവിന്റെ മരണത്തിന് ഉത്തരവാദി ആം ആദ്മി സർക്കാരെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി വിമർശിച്ചു. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു.