ഉപയോഗിച്ച ടയറുകളും മറ്റും കടകൾക്ക് മുന്നിലോ പൊതു സ്ഥലങ്ങളിലോ കൂട്ടിയിടരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കൊതുകുകളുടെയും പ്രാണികളുടെയും വ്യാപനം പരിമിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നിർദേശം. ഉപയോഗിച്ചതും കേടായതുമായ ടയറുകൾ ശരിയായ രീതിയിൽ നീക്കം ചെയ്യുകയും അവ സൂക്ഷിക്കുകയോ ശേഖരിക്കുകയോ പൊതുസ്ഥലങ്ങളിൽ തള്ളുകയോ ചെയ്യരുതെന്നുമാണ് നിർദേശം. നിയമം ലംഘിക്കുന്നവർക്കെതിരെ 100 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം ഏറ്റവും കൂടുതൽ ടയറുകൾ കേടുവരുന്നതും വിൽക്കപ്പെടുന്നതും വേനൽ കാലത്താണ്. ടയറുകൾ മാറ്റുമ്പോൾ പഴയ ടയറുകൾ അതേ സ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇവ ശരിയായ രീതിയിൽ ഉപേക്ഷിക്കാത്തത് ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.
ഇത്തരം സ്ഥലങ്ങളിൽ എലികളും മറ്റ് പ്രാണികളും വർധിക്കാൻ ഇടയാകും. അതേസമയം ചിലർ ടയറുകൾ കത്തിക്കുകയും ചെയ്യാറുണ്ട്. ഇത് അന്തരീക്ഷ മലിനീകരണം അടക്കമുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. മസ്കത്ത് മുനിസിപ്പാലിറ്റി ഈ വിഷയവുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വൃത്തി നിലനിർത്തുക, മാലിന്യങ്ങൾ ശരിയായ രീതിയിൽ കളയുക തുടങ്ങിയവയുടെ ഉത്തരവാദിത്തം കെട്ടിട ഉടമകൾക്കാണുള്ളത്. കൂടാതെ ടയറുകളുടെ അറ്റകുറ്റപ്പണി നടത്തുന്നവർ, വർക് ഷോപ്പുകൾ, തുണി അലക്കൽ സ്ഥാപനങ്ങൾ എന്നിവയിലെ ഓയിലുകളും മലിനവസ്തുക്കളും നിലത്ത് ഒഴിക്കരുതെന്നും നിബന്ധനയിൽ പറയുന്നു. ഇത്തരം മലിനവസ്തുക്കൾ നിശ്ചയിച്ച ഭാഗങ്ങളിൽ കൊണ്ടുപോയി നിക്ഷേപിക്കണം.