ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കർഷകർ രംഗത്ത്. സംയുക്ത കിസാൻ സഭ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷൺ അയോദ്ധ്യ റാലി പ്രഖ്യാപിച്ച ജൂൺ അഞ്ചിന് രാജ്യവ്യാപകമായി കർഷകർ പ്രതിഷേധിക്കും. ജൂൺ ഒന്നിന് ജില്ല-താലൂക്ക് തലങ്ങളിൽ ബ്രിജ് ഭൂഷണിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കും. തൊഴിലാളി സംഘടനകൾ, മഹിളാ -യുവജന -വിദ്യാർത്ഥി സംഘടനകളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കുമെന്ന് സംയുക്ത കിസാൻ സഭ അറിയിച്ചു.
അതേസമയം തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം. എന്നാൽ ജന്തർ മന്ദറിൽ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഈ സാഹചര്യത്തിൽ സമരവേദി അടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനം എടുക്കേണ്ടതുണ്ട്.
മഹിള മഹാ പഞ്ചായത്തിന് ശേഷം സമരസമിതി യോഗം ചേരുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഡൽഹിയിൽ പ്രതിഷേധിച്ച മുഴുവൻ പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്തിനാൽ യോഗം ചേരാൻ കഴിഞ്ഞില്ലെന്ന് താരങ്ങൾ അറിയിച്ചു. അതിനുശേഷം കാപ്പ പഞ്ചായത്ത് നേതാക്കളും കർഷകരും അടങ്ങുന്ന സമരസമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ജന്തർ മന്ദറിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സമരം ഡൽഹി അതിർത്തികളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യവും ശക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റർ അകലെ വച്ചാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം പോലീസ് തടുത്തത്. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു പോലീസുമായി സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്കുള്ള മാർച്ച്. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലം പ്രയോഗിക്കുകയും രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും തള്ളുകയും ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.