മുസ്‌ലിം സമുദായത്തിനെതിരായ വിദ്വേഷം ആളുകളിൽ ചിലർ സമർഥമായി അടിച്ചേൽപ്പിക്കുകയാണെന്ന് നടൻ നസിറുദ്ദീൻ ഷാ. വളരെ ഭയക്കേണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നത്. മുസ്ലീം വിരോധം എന്നത് ഇപ്പോൾ ആളുകൾക്കിടയിൽ ഒരു ഫാഷനായി മാറുകയാണെന്നും നസിറുദ്ദീൻ ഷാ അഭിമുഖത്തിൽ പറഞ്ഞു.
“ ആശങ്കാജനകമായ സമയമാണ് ഇപ്പോൾ. യാതൊരുവിധ മറച്ചുപിടിക്കലും ഇല്ലാതെ പ്രൊപ്പഗണ്ട നടത്തുകയാണ്. ഇത് ഈ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും മുസ്ലീം വിദ്വേഷം ഇന്നത്തെ കാലത്ത് ഫാഷനാണ്. ഭരിക്കുന്ന പാർട്ടി ഇത് സമർത്ഥമായി ആളുകളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ മതനിരപേക്ഷതയെക്കുറിച്ചാണ് സംസാരിക്കുന്നത്, ജനാധിപത്യത്തെക്കുറിച്ചാണ്, പിന്നെ എന്തിനാണ് നിങ്ങൾ എല്ലാത്തിലും മതം കൊണ്ടുവരുന്നത്?” -നസിറുദ്ദീൻ ഷാ പറഞ്ഞു.
മതം ഉപയോഗിച്ച് വോട്ട് നേടുന്ന രാഷ്ട്രീയക്കാരുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വെറും കാഴ്ചക്കാരാണ്. “അല്ലാഹു അക്ബർ” എന്ന് പറഞ്ഞ് ഒരു മുസ്ലീം നേതാവ് വോട്ട് ചോദിച്ചിരുന്നെങ്കിൽ ഇവിടെ എന്ത് സംഭവിച്ചേനെ എന്ന് പറഞ്ഞ ഷാ മതകാർഡ് ഇറക്കി ഭിന്നിപ്പിക്കുന്ന ഈ രീതി അടുത്ത് തന്നെ അവസാനിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.