സൗദി ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവിയും സഹസഞ്ചാരി അലി അൽ ഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് ദിവസത്തെ ദൌത്യം പൂർത്തിയാക്കി. ഇരുവരും ചൊവ്വാഴ്ച വൈകിട്ടോടെ തിബഹിരാകാശ നിലയത്തിൽ നിന്ന് തിരികെ യാത്ര ആരംഭിക്കും. ഇതിനിടെ ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ അറബ് വനിതയെന്ന റെക്കോർഡ് സ്വന്തമാക്കിയ റയ്യാന ബർനാവി വികാരഭരിതമായ വിടവാങ്ങൽ പ്രസംഗം നടത്തി.
പുതു യുഗത്തിലേക്ക് കുതിയ്ക്കുന്ന സൗദി അറേബ്യയ്ക്കായി മികച്ച പോരാട്ടം നടത്താൻ കഴിഞ്ഞെന്ന് ബർനാവി പറഞ്ഞു.ഓരോ കഥയും അവസാനിക്കുന്നുവെന്നും തൻ്റെ രാജ്യത്തിനും പ്രദേശത്തിനും ഒരു പുതിയ യുഗത്തിൻ്റെ തുടക്കം മാത്രമാണ് തൻ്റെ ദൌത്യമെന്നും ബർനാവി പറഞ്ഞു.ഐഎസ്എസിലെ വികാരഭരിതമായ വിടവാങ്ങൽ ചടങ്ങിനിടെ ബർനാവി കണ്ണീർ തുടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യുദ്ധവിമാന പൈലറ്റായ അൽ ഖർനി സ്റ്റേഷനിലുണ്ടായിരുന്ന തൻ്റെ സഹപ്രവർത്തകരുടെ ആതിഥ്യമര്യാദയ്ക്കും ഔദാര്യത്തിനു നന്ദി പറഞ്ഞു.
ഗവേഷക ശാസ്ത്രജ്ഞയായ 33 കാരിയായ ബർനാവി സഹപ്രവർത്തകനായ അലി അൽ ഖർനിയുമായി (31) കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹിാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇരുവർക്കുമൊപ്പം അമേരിക്കൻ സഹപ്രവർത്തകരായ പെഗ്ഗി വിറ്റ്സണും ജോൺ ഷോഫ്നറും ചൊവ്വാഴ്ച സ്റ്റേഷൻ വിടും.
നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ് എന്നിവ അവരുടെ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ ചാനലുകളിലും ബഹിരാകാശ യാത്രികരുടെ യാത്ര തത്സമയം സംപ്രേക്ഷണം ചെയ്യും. ഡ്രാഗൺ ബഹിരാകാശ പേടകത്തിൻ്റെ ഹാച്ച് അടച്ചുപൂട്ടൽ നടക്കുന്ന ചൊവ്വാഴ്ച ജിഎസ്ടി വൈകുന്നേരം 5 മണിക്ക് നാസ സംപ്രേക്ഷണം ആരംഭിക്കും. രാത്രി 7.05ന് ഐഎസ്എസിൽ നിന്ന് ക്യാപ്സ്യൂൾ അൺഡോക്ക് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
സ്വകാര്യ യാത്രകൾ ക്രമീകരിക്കുന്ന ഹൂസ്റ്റൺ കമ്പനിയായ ആക്സിയം സ്പേസിൻ്റെ ആക്സിയം 2 ദൗത്യത്തിൻ്റെ ഭാഗമായാണ് സൌദി സംഘം ഐഎസ്എസിലേക്ക് പോയത്. നിരവധി പരീക്ഷണങ്ങളും എട്ട് ദിവസത്തിനിടെ ഇരുവരും പൂർത്തിയാക്കി. അതേസമയം ദീർഘകാല യാത്രകൾ ഉൾപ്പെടെ വരും വർഷങ്ങളിൽ കൂടുതൽ ബഹിരാകാശ യാത്രികരെ വിക്ഷേപിക്കാനുളള നീക്കത്തിലാണ് സൗദി സ്പേസ് കമ്മീഷൻ. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും ആറ് മാസത്തെ ദൗത്യത്തിനായി ഐഎസ്എസിലുണ്ട്.