2022 വർഷത്തിൽ സൗദി അറേബ്യയിലെ നിക്ഷേപ മേഖല 31 ശതമാനം റെക്കോർഡ് വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി SR1 ട്രില്യണിൽ ($266.6 ദശലക്ഷം) എത്തി.നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹാണ് ഇക്കാര്യം അറിയിച്ചത്. സൗദി സ്പെഷ്യൽ ഇക്കണോമിക് സോൺ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് നിന്നുണ്ടായ വലിയ പണമൊഴുക്കിനൊപ്പം നിക്ഷേപത്തിനുള്ള ലക്ഷ്യസ്ഥാനമായി മാറിയതോടെ സൗദി റെക്കോർഡ് സാമ്പത്തിക വളർച്ച സ്വന്തമാക്കിയെന്നും അൽ ഫാലിഹ് പറഞ്ഞു.
സൗദി അറേബ്യയിലെ നിക്ഷേപത്തിൽ സ്വകാര്യമേഖല മുൻനിരയിലാണെന്ന് മന്ത്രി പറഞ്ഞു. ഊർജ മേഖലയിൽ പുനരുപയോഗ ഊർജത്തിന്റെ സംഭാവന 50 ശതമാനം വർധിപ്പിക്കാനാണ് സൗദിയിലെ ഹരിത പദ്ധതികൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. “ഇലക്ട്രിക് കാർ നിർമ്മാണം, ഹൈഡ്രജൻ ഉൽപ്പാദനം തുടങ്ങിയ ഹരിത വ്യാവസായിക അടിത്തറകളിൽ നിക്ഷേപിക്കുന്നതിൽ സൗദി അറേബ്യ മുൻനിരയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തെ സാമ്പത്തികമായി മുൻനിര രാജ്യങ്ങളിൽ ഒന്നാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖലകൾ രാജ്യത്തിലെ നിക്ഷേപത്തിന്റെയും വ്യാവസായിക ലോജിസ്റ്റിക്കൽ പ്രോഗ്രാമിന്റെയും ആണിക്കല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മൊത്തം ദേശീയ ഉൽപ്പാദനം എണ്ണ ഇതര വരുമാനത്തിന്റെ 17 ശതമാനമാണെന്നും എണ്ണ ഇതര മേഖലയുടെ വളർച്ച 2021ൽ 5.5 ശതമാനത്തിലെത്തിയെന്നും 2022ൽ അതേ വേഗതയിൽ വർധന രേഖപ്പെടുത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.