ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ വേൾഡ് നോ ടുബാകോ ഡേ പുരസ്കാരം. ലോകകപ്പിനെ സമ്പൂർണ പുകവലി വിരുദ്ധ കായിക മേളയാക്കി ആവിഷ്കരിച്ചതിനാണ് പുരസ്കാരം. സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിന് പുറത്തും ഫാൻ സോണിലുമൊക്കെയായി പുകവലി നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കർശന നടപടികൾക്കുള്ള അംഗീകാരമായാണ് ലോകാരോഗ്യ സംഘടനയുടെ പുരസ്കാരം. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിൽ പുകവലിക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായി മേയ് 31നാണ് ‘വേൾഡ് നോ ടുബാകോ ഡേ’ ആയി ആചരിക്കുന്നത്.
ജനീവയിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹെൽത്ത് അസംബ്ലിയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മുതിർന്ന ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ആരോഗ്യ മന്ത്രാലയം സാംക്രമികേതര രോഗ വിഭാഗം മേധാവി ഡോ. ഖലൂദ് അതീഖ് അൽ മുതാവ ഡബ്ല്യൂ.എച്ച്.ഒ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഡോ. അഹമദ് അൽ മന്ദാരിയിൽനിന്ന് ഖത്തറിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനെ പുകയില രഹിത മേളയാക്കി മാറ്റാൻ ഖത്തർ സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അൽ മുതാവ പറഞ്ഞു. കളി ആസ്വദിക്കാനെത്തുന്നവർക്ക് സ്റ്റേഡിയത്തിലും ഫാൻസോണിലും പുകവലികൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കണം എന്ന ഉദ്ദേശത്തോടെയാണ് ഖത്തർ ആരോഗ്യമന്ത്രാലയം ലോകകപ്പ് വേളയിൽ പദ്ധതികൾ ആവിഷ്കരിച്ചത്. ഇതിന്റെ ട്രയലിന്റെ ഭാഗമായി 2021 നവംബർ -ഡിസംബർ മാസങ്ങളിലായി നടന്ന ഫിഫ അറബ് കപ്പിലും പുകവലിക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊതുജനങ്ങൾക്കിടയിൽനിന്ന് വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.
ലോകകപ്പിന്റെ എട്ട് സ്റ്റേഡിയങ്ങളിലും ഫാൻ സോണിലുമായി പുകവലിയും ഇ-സിഗരറ്റും സംഘാടകർ നിരോധിച്ചിരുന്നു. ഫിഫ, ലോകാരോഗ്യ സംഘടന എന്നിവയുമായി സഹകരിച്ചായിരുന്നു ഖത്തർ ലോകകപ്പ് സംഘാടകരും ആരോഗ്യ മന്ത്രാലയവും ഈ നേട്ടം കൈവരിച്ചത്. കൂടാതെ ഫിഫയുടെ ഭാവി മേളകളിലും ‘ടുബാകോ ഫ്രീ’ പദ്ധതികളിലും ഇത് പ്രചോദനമായി. മുൻകാലങ്ങളിൽ ഫിഫ ടൂർണമെന്റുകളിൽ പുകവലിക്കാർക്ക് പ്രത്യേകം കൗണ്ടറായിരുന്നു ഒരുക്കിയിരുന്നത്. പിന്നീട് ഫിഫ പുകയില കമ്പനികളുടെ പരസ്യങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്തി.
അതേസമയം ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും ഫാൻസോണിലുമായി പുകവലി തടയുന്നതിന് വളന്റിയമാർക്കും സുരക്ഷാജീവനക്കാർക്കും പുറമെ 80 അംഗങ്ങളുടെ ടുബാകോ ഇൻസ്പെക്ടേഴ്സ് ടീമിനെയും നിയോഗിച്ചിരുന്നു. വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് പുകവലിക്കെതിരായ ബോധവത്കരണത്തിനുള്ള അവസരമാക്കിയും സംഘാടകർ ലോകകപ്പിനെ മാറ്റി.