ഐപിഎൽ ഇന്ന് കിരീടപ്പോര് മുറുകും. പതിനാറാം സീസണിലെ വിജയികളെ ഇന്നറിയാം. കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായി പൊരുതും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് ഫൈനൽ മത്സരം നടക്കുക. ഉദ്ഘാടന മത്സരത്തിൽ ഒരുമിച്ചെത്തിയ ടീമുകൾ അതേ വേദിയിൽ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
തുടർച്ചയായ രണ്ടാം കിരീടം എന്ന ലക്ഷ്യവുമായി ഗുജറാത്ത് എത്തുമ്പോൾ അഞ്ചാം ഐപിഎൽ കിരീടം എന്ന നേട്ടത്തിനായാണ് ധോണിപ്പടയുടെ വരവ്. കളിച്ച രണ്ട് സീസണുകളിലും ഫൈനലിലെത്തി എന്ന അപൂർവ നേട്ടത്തോടെയാണ് ഗുജറാത്ത് സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുന്നത്. ശുഭ്മാൻ ഗില്ലും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ തുറുപ്പുചീട്ടുകൾ. വൃദ്ധിമാൻ സാഹ, ക്യാപ്റ്റൻ ഹാർദിക്, സായ് സുദർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ എന്നിവർ അടങ്ങുന്ന ബാറ്റിംഗ് നിരയ്ക്ക് കൂറ്റൻ സ്കോറുകൾ അനായാസം അടിച്ചെടുക്കാൻ കഴിവുണ്ട്.
ബൗളിംഗിൽ മുഹമ്മദ് ഷമി, മോഹിത് ശർമ, നൂർ അഹമ്മദ്, ജോഷ്വ ലിറ്റിൽ എന്നിവർ എതിരാളികളെ വീഴ്ത്തുന്നതിൽ മിടുക്കർ. ചുരുക്കത്തിൽ തുടർച്ചയായി രണ്ട് കിരീടം എന്ന മുംബൈയുടെ റെക്കോഡിനൊപ്പമെത്താനാകും ഗുജറാത്തിന്റെ ശ്രമം. മറുവശത്ത് അഞ്ചാം കിരീടം എന്നത് തന്നെയാണ് ചെന്നൈയുടെ ലക്ഷ്യം. ചെന്നൈയുടെ നായകനായി ധോണിയുടെ അവസാന ഐപിഎൽ എന്ന അഭ്യൂഹങ്ങൾ ശക്തമായതിനാൽ കിരീട നേട്ടത്തോടെ ഇതിഹാസ നായകന് യാത്രയയപ്പ് നൽകുക എന്നതാകും ടീമിന്റെ ശ്രമം. ഓപ്പണർമാരായ ഡെവൺ കോൺവെയും ഋതുരാജ് ഗെയ്ക്ക്വാദുമാണ് ബാറ്റിങ്ങിൽ ചെന്നൈയുടെ ആത്മവിശ്വാസം. കൂടാതെ കൂറ്റനടിക്കാരായി ശിവം ദുബെയും അജിൻക്യ രഹാനെയുമുണ്ട്.