ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ നേരിട്ട് കാണാന്‍ ജിസിസി രാജ്യങ്ങളിലെ ആരാധകര്‍ക്ക് അവസരമൊരുക്കി വിമാന കമ്പനികൾ. മത്സര കാലയളവില്‍ ഖത്തറിലേക്കുളള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഖത്തറിന്റെ ദേശീയ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേസ് ജിസിസി രാജ്യങ്ങളിലെ വിവിധ വിമാന കമ്പനികളുമായി കരാറില്‍ ഒപ്പിട്ടു.
ഫ്ളൈ ദുബായ്, കുവൈറ്റ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍, സൗദിയ എന്നീ കമ്പനികളാണ് ഖത്തറിലേക്ക് ഷട്ടില്‍ സര്‍വ്വീസ് നടത്തുക. ഇത്തിഹാദ് എയര്‍വേസുമായും എയര്‍ അറേബ്യയും ചര്‍ച്ചകൾ നടക്കുകയാണെന്ന് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
24 മണിക്കൂറും ദോഹയിലേക്ക് സര്‍വ്വീസുകൾ ലഭ്യമാകുന്ന വിധമാണ് ക്രമീകരണം. ഗൾഫ് രാജ്യങ്ങളിലെ ഫുട്ബോൾ പ്രേമികൾക്ക് മാച്ച് കണ്ടശേഷം അതേ ദിവസംതന്നെ മടങ്ങിപ്പോകാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഒാരോ വിമാനകമ്പികളും മുപ്പത്് മുതല്‍ 60 വരെ സര്‍വ്വീസുകളാണ് നടത്തുക. ഖത്തര്‍ എയര്‍വേസ് വെബ്സൈറ്റ് വഴി ഈ വിമാനങ്ങളില്‍ ബുക്കിംഗും ആരംഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസം മുതല്‍ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചിരുന്നു. അറബ് മേഖലയില്‍ ആദ്യമായെത്തി ലോകകപ്പ് ഫുട്ബോളിനെ മേഖലയുടെ ഉത്സവമാക്കി മാറ്റുകയാണ് ഖത്തറിന്റെ ലക്ഷ്യം. 2022 നവംബര്‍ -ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പ്.