കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 24 മന്ത്രിമാരുടെ പട്ടിക പുറത്ത് വിട്ടു. എച്ച്കെ പാട്ടീൽ, കൃഷ്ണ ബൈറോഗൗഡ, കെ. വെങ്കടേഷ്, എൻ. ചെലുവരയസ്വാമി, ഡോ. എച്ച്.സി മഹാദേവപ്പ, കാതസാന്ദ്ര എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബാസപ്പ ദർശനപുർ, ഈശ്വർ കാന്തരെ, ശിവാന്ദ് പാട്ടീൽ, തിമ്മാപൂർ രാമപ്പ ബലപ്പ, എസ്.എസ്. മല്ലികാർജുൻ, എൻ.എസ് ബോസ് രാജു, ഡോ. ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ, മംഗൽ വൈദ്യ, ലക്ഷ്മി ആർ. ഹെബ്ബാൾക്കർ, തങ്കടാഗി ശിവരാജ് ശങ്കപ്പ, റഹിം ഖാൻ, ഡി. സുധാകർ, ബി. നാഗേന്ദ്ര, സന്തോഷ് എസ്. ലാഡ്, സുരേഷ ബി.എസ്, മധു ബംഗാരപ്പ, ഡോ. എം.സി സുധാകർ എന്നിവരാണ് പുതിയ മന്ത്രിമാർ.
അതേസമയം മന്ത്രിസഭയിലെ ഏക വനിത ലക്ഷ്മി ആർ. ഹെബ്ബാൾക്കറാണ്. മുസ് ലിം പ്രാതിനിധ്യമായി റഹിം ഖാനും പട്ടികയിലുണ്ട്. മത, സാമുദായിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാവിലെ 11.45ന് രാജ്ഭവനിൽ ഗവർണർക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. കൂടാതെ മന്ത്രിസ്ഥാനത്തിന് സമ്മർദവുമായി 20 ഓളം എം.എൽ.എമാരും ഡൽഹിയിലെത്തിയിരുന്നു. 34 മന്ത്രിസ്ഥാനങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം എഎട്ട് മന്ത്രിമാർ മെയ് 20ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ഹൈകമാൻഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി ഓർഗനൈസേഷൻ ജന. സെക്ര. കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.