അനന്തപുരി വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെയാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. പി സി ജോർജിനെ എന്തിനാണ് കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. എന്തു തെളിവാണ് ശേഖരിക്കാനുളളതെന്ന് സർക്കാരിനോട് കോടതിയും ആരാഞ്ഞു. അതേസമയം വിവരങ്ങൾ ശേഖരിക്കാൻ സമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഇന്നലെ എറണാകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത ജോർജിനെ പിന്നീട് അറസ്റ്റു ചെയ്ത് രാത്രി തിരുവനന്തപുരത്ത് എത്തിച്ചു രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് ജോർജിനെ റിമാൻഡ് ചെയ്തു. മതവിദ്വേഷ പ്രസംഗത്തിന് പിന്നിൽ ഗൂഡാലോചനയാണ് എന്ന പൊലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കമെന്നാണ് ജോർജിന്റെ അഭിഭാഷകന്റെ ആരോപണം.
നാളെ ഉച്ചക്ക് 1.45നാണ് കേസ് കോടതി പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശമുണ്ട്.
ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രോസിക്യൂഷന്റെ വാദം കേൾക്കാതെയാണ് ജോർജിന് ആദ്യം ജാമ്യം നൽകിയത്. പ്രോസിക്യൂഷൻ ഹാജരാകാതിരുന്നതാണ് കാരണം. ഇന്ന് പ്രോസിക്യൂഷന്റെ വാദം കേട്ട ശേഷമാണ് ജോർജിനെ റിമാൻഡ് ചെയ്ത് ഉത്തരവായത്.