ഐപിഎല്ലിലെ ഡോട്ട് ബോളുകൾ മരങ്ങളാക്കി മാറ്റാനൊരുങ്ങിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങളിലാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തൻ മാതൃകയുമായി ബിസിസിഐ മാറിയിരിക്കുന്നത്. ഓരോ ഡോട്ട് ബോളിനും 500 മരം വീതം നടാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ക്വാളിഫയറിനിടയിലാണ് ഇത് ചർച്ചയായത്. ഡോട്ട് ബോളുകൾ എറിയുമ്പോൾ മരത്തിന്റെ ചിഹ്നം സ്ക്രീനിൽ കാണുന്നത് എന്തുകൊണ്ടാണ് എന്ന സംശയമായിരുന്നു ആരാധകരുടെ മനസിലുയർന്നത്. പ്ലേ ഓഫ് ഘട്ടം മുതൽ ബിസിസിഐ കൊണ്ടുവന്ന പുതിയ പദ്ധതിയാണ് ഓരോ ഡോട്ട് ബോളിനും 500 മരം വീതം നടുക എന്നത്. അതുകൊണ്ടാണ് മത്സരത്തിൽ ഓരോ ഡോട്ട് ബോൾ പിറക്കുമ്പോഴും ഒരു മരത്തിന്റെ ചിഹ്നം സ്ക്രീനിൽ തെളിഞ്ഞത്.
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഈ ആശയത്തിന് പിന്നിൽ. ക്വാളിഫയറിലെ ആദ്യ മത്സരത്തിൽ ചെന്നൈയും ഗുജറാത്തും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആകെ പിറന്നത് 84 ഡോട്ട് ബോളുകളായിരുന്നു. ചെന്നൈ ഇന്നിംഗ്സിൽ 34ഉം ഗുജറാത്ത് ഇന്നിംഗ്സിൽ 50ഉം ഡോട്ട് ബോളുകളാണ് പിറന്നത്. ഇതുവഴി 42000 മരങ്ങളാണ് ബിസിസിഐ പുതിയതായി നട്ടുപിടിപ്പിക്കുക. ഇന്ന് നടക്കുന്ന മുംബൈ-ലഖ്നൗ എലിമിനേറ്ററിലും വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിലും ഞായറാഴ്ച നടക്കുന്ന ഫൈനലിലും ഡോട്ട് ബോളുകൾക്ക് മരം നടൽ പദ്ധതി ബിസിസിഐ തുടരും. ബിസിസിഐയുടെ ഈ വ്യത്യസ്തമായ ആശയത്തെ ആരാധകർ പ്രകീർത്തിക്കുകയാണ്.