ലോകത്തിലെ ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യമായി ആഫ്രിക്കയിലെ സിംബാബ്വെ. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന വാർഷിക ദുരിത സൂചിക (എച്ച്എഎംഐ)യിലാണ് ഇക്കാര്യം വ്യക്തമായത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് എകണോമിക്സ് പ്രഫസറാണ് സറ്റീവ് ഹാങ്കെ. യുക്രെയ്ൻ, സുഡാൻ, സിറിയ തുടങ്ങിയ യുദ്ധത്തിൽ തകർന്ന രാഷ്ട്രങ്ങളെ മറികടന്നാണ് ആഫ്രിക്കൻ രാജ്യം ദുരിത പട്ടികയിൽ ഒന്നാമതെത്തിയത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് ആകെ 157 രാജ്യങ്ങളെയാണ് റാങ്കിങ്ങിനായി വിശകലനം ചെയ്തത്. ഇതിൽ 103ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, അതിശയകരമായ പണപ്പെരുപ്പം, ജിഡിപി വളർച്ചയിലെ കുറവ് എന്നിവയാണ് സിംബാബ്വെയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. സിംബാബ്വെ, വെനസ്വേല, അർജന്റീന, യെമൻ, ഉക്രെയ്ൻ, ക്യൂബ, തുർക്കി, സിറിയ, ലെബനൻ, സുഡാൻ, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15 രാജ്യങ്ങൾ.
പട്ടികയിൽ ഏറ്റവും കുറഞ്ഞ സ്കോർ നേടിയത് സ്വിറ്റ്സർലൻഡാണ്. അവിടുത്തെ പൗരന്മാർ ഏറ്റവും കൂടുതൽ സന്തുഷ്ടരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏറ്റവും സന്തുഷ്ടരായ രണ്ടാമത്തെ രാജ്യം കുവൈറ്റ് ആണ്. അയർലൻഡ്, ജപ്പാൻ, നൈജർ, തായ്ലൻഡ്, ടോഗോ, മലേഷ്യ, തായ്വാൻ, മാൾട്ട എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ. പട്ടികയിൽ 134-ാം സ്ഥാനത്താണ് അമേരിക്ക.