ആഗോളതലത്തിൽ തുടരുന്ന പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും സാഹചര്യത്തിൽ ഭക്ഷ്യ കരുതൽ ശേഖരം ഉറപ്പുവരുത്തിയെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. ഒരു വർഷത്തിലേറെ ഉപയോഗിക്കാനുള്ള സാധനങ്ങൾ കരുതൽ ശേഖരത്തിലുണ്ടെന്നും അറിയിപ്പ്.
വിലക്കയറ്റ ഭീതിയില്‍ ആളുകൾ സാധനങ്ങൾ വാങ്ങിച്ചുകൂട്ടുന്നതും പൂഴ്ത്തിവയ്പ്പ് വര്‍ദ്ധിച്ചതും കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.അനാവശ്യമായി ഭക്ഷ്യ വസ്തുക്കൾ സംഭരിച്ചുവെക്കരുതെന്നും കുവൈത്ത് വാണിജ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയം പരിശോധന നടത്തി വരികയാണെന്നും വില നിര്‍ണയത്തില്‍ മന്ത്രാലയം ഇടപെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക വിപണിയിലും ഇടപെടലുണ്ടാവും.ഇറക്കുമതി പ്രതിസന്ധി തരണം ചെയ്യാന്‍ ചര്‍ച്ചകൾ നടക്കുകയാണെന്നും ചില രാജ്യങ്ങളുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.