ഖത്തറും ബഹ്റൈനും തമ്മിൽ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദോഹയിൽനിന്ന് ഖത്തറിലേക്ക് നേരിട്ടുള്ള വിമാന ബുക്കിങ് ആരംഭിച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. ദോഹ-ബഹ്റൈൻ വിമാന സർവിസ് മേയ് 25 മുതൽ പ്രാബല്യത്തിൽ വരും. നീണ്ട ഇടവേളക്ക് ശേഷം ഖത്തർ എയർവേസ് വിമാനങ്ങൾ ദോഹയിൽനിന്ന് ബഹ്റൈനിലേക്ക് പറക്കും.
2017ലെ ഗൾഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാമാർഗങ്ങളും നിർത്തിവച്ചിരുന്നു. എന്നാൽ ഈയിടെ ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ മാസം നടന്ന ജിസിസി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായാണ് വിമാന സർവിസ് പുനരാരംഭിച്ചത്.
ദോഹയിൽനിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 50 മിനിറ്റാണ് യാത്ര ചെയ്യാൻ എടുക്കുന്ന സമയം. ദിവസവും രാത്രി എട്ട് മണിക്ക് ദോഹയിൽനിന്ന് പുറപ്പെടുന്ന ഖത്തർ എയർവേസ് 1109 എയർ ബസ് എ320 വിമാനം 8.50ഓടെ ബഹ്റൈനിലെത്തും. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യാൻ 1210 റിയാലും ഫസ്റ്റ് ക്ലാസിന് 4780 റിയാലുമാണ് നിലവിലെ നിരക്ക്. ബഹ്റൈനിൽനിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം രാത്രി 11.15ഓടെ ദോഹയിൽ തിരിച്ചെത്തും.
അതേസമയം ബഹ്റൈൻ ദേശീയ എയർലൈൻസായ ഗൾഫ് എയറും ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള സർവിസിന് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ദോഹയിൽനിന്ന് 11.15ന് വിമാനം പുറപ്പെട്ട് 12 മണിയോടെ ബഹ്റൈനിലെത്തും. തിരിച്ച് ബഹ്റൈനിൽനിന്ന് രാവിലെ 9.30ന് പുറപ്പെട്ട് 10.15നാണ് ദോഹയിലെത്തുക. അതേസമയം ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കുന്നത് മേഖലയുടെ വിനോദ സഞ്ചാരത്തിനും ഉണർവ് പകരുമെന്നാണ് വിലയിരുത്തുന്നത്. ബിസിനസ് സമൂഹമുൾപ്പെടെയുള്ള പ്രവാസി മലയാളികൾക്കും ഇത് ഏറെ പ്രയോജനപ്പെടും. നേരത്തെ ഒമാൻ, കുവൈത്ത് വഴിയായിരുന്നു യാത്ര തിരഞ്ഞെടുത്തത്. പിന്നീട് മാറ്റി.