ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടകർ മദീനയിൽ എത്തി. ജയ്പൂരിൽ നിന്നുള്ള തീർത്ഥാടക സംഘത്തെ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ സ്വീകരിച്ചു. ലഖ്നൗ, കൊൽകത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഹാജിമാർ ഇതിന് പിന്നാലെയായി മദീനയിലെത്തും.
ജൂൺ ആദ്യവാരമാണ് കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ സൗദിയിലെത്തുക. ഇവർ നേരിട്ട് മക്കയിലേക്കാണ് പോവുക. മലേഷ്യയിലെ ക്വലാലംപൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങളിലായി 567 ഹാജിമാരാണ് സൗദി അറേബ്യയിലെത്തിയത്. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ മദീന ജവാസാത്ത് ഡയറക്ടർ തലാൽ ബിൻ അബ്ദുല്ല അൽബാസി, ഹജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽബീജാവി എന്നിവർ ബൊക്കയും മധുരപലഹാരങ്ങളും നൽകി ഇവരെ സ്വീകരിച്ചു.
പിന്നാലെ ബംഗ്ലാദേശിൽ നിന്നുള്ള തീർത്ഥാടകരും മദീനയിലെത്തി. ജിദ്ദയിൽ വിമാനമിറങ്ങുന്നവർ ഹജ്ജിന് ശേഷമാണ് മദീന സന്ദർശനത്തിന് പോവുക. ഹജ്ജ് തീർത്ഥാടകരെ മറ്റ് യാത്രക്കാരിൽ നിന്ന് വേർതിരിച്ചാണ് ഹജ്ജ് ടെർമിനലിൽ എത്തിക്കുക. അവരുടെ ലഗേജുകൾ പ്രത്യേകം മാർക്ക് ചെയ്യുകയും ചെയ്യും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക.