ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ബഹ്റൈൻ. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. 2060 ഓടുകൂടി സീറോ കാർബൺ എമിഷൻ എന്ന അന്താരാഷ്ട്ര ലക്ഷ്യം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പരമ്പരാഗത ഊർജ സ്രോതസ്സുകളിൽനിന്ന് ഘട്ടം ഘട്ടമായി പിൻവാങ്ങാനുള്ള നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. വൈദ്യുതി വാഹനം സംബന്ധിച്ച നയം വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഡെലോയിറ്റ് ആൻഡ് ടച്ച് കമ്പനിയുമായി വൈദ്യുതി, ജലകാര്യ മന്ത്രാലയം കരാർ ഒപ്പിട്ടു.
ഫോസിൽ ഇന്ധനത്തെ പൂർണമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് രാജ്യം കൈകോർക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. പരിസ്ഥിതി സംഘടനകളുടെ കണക്ക് പ്രകാരം ഒരു സാധാരണ യാത്രാ വാഹനം പ്രതിവർഷം 4.6 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഇത് വായുമലിനീകരണത്തിനും ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ഇടയാക്കുന്നുണ്ട്. വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ലോകവ്യാപകമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന നയം രാജ്യങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. ജിസിസി രാജ്യങ്ങളും ഈ നിലപാട് സ്വീകരിച്ചതോടെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) യൂണിറ്റുകളുടെ ജനപ്രീതിയിൽ വലിയ കുതിച്ചുചാട്ടമാണ് സമീപകാലത്ത് ഉണ്ടായത്.