യുഎഇ തലസ്ഥാനത്തെ സാമ്പത്തികവും ഭരണപരവുമായ അഴിമതികൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാൻ വ്യക്തികളെ അനുവദിക്കുന്ന ‘വാജിബ്’ പ്ലാറ്റ്‌ഫോമിന് അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയുടെ അംഗീകാരം. സുതാര്യ – ഉത്തരവാദിത്തം ഭരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നിയമലംഘനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനുളള സംവിധാനം ഏര്‍പ്പെടുത്തിയത്.
സദ്ഭരണ സമ്പ്രദായങ്ങൾ ഏകീകരിക്കുന്നതിനും മെച്ചപ്പെട്ടസേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും ഇതിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന സാമ്പത്തികവും ഭരണപരവുമായ അഴിമതികൾ, നിയമലംഘനങ്ങൾ എന്നിവ ശ്രദ്ധയില്‍പ്പെടുന്ന ജീവനക്കാർ, ഉപഭോക്താക്കൾ, വിതരണക്കാർ അല്ലെങ്കിൽ സ്ഥാപനങ്ങൾ തുടങ്ങി ആര്‍ക്കും വാജിപ് പ്ലാറ്റ്ഫോമിലൂടെ റിപ്പോര്‍ട്ട് ചെയ്യാനാകും.
അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് (vrp.adaa.gov.ae) ‘വാജിബ്’ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്. വാജിബ് പ്ലാറ്റ്‌ഫോം ലളിതമായി ഉപയോഗിക്കാനും കഴിയും. അഴിമതിയ്‌ക്കെതിരായ ദേശീയ നടപടികളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളിൽ പൗരന്‍മാരേയും ഉൾപ്പെടുത്തുന്നതാണ് പുതിയ പദ്ധതി.