എഐ ക്യാമറാ വിവാദത്തിന് പിന്നാലെ വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്യാമറയ്ക്ക് ക്ലീൻചിറ്റ്. ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്കാണ് എഐ ക്യാമറ വഴി പിഴ ഈടാക്കുക. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ ദിവസവും ശ്രദ്ധയിൽപ്പെടുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടിസ് അയക്കും. ഓരോ ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇപ്പോൾ ക്യാമറയിൽ പെടുന്നത്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ സംബന്ധമായ നോട്ടിസ് അയക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
നിലവിൽ 146 ജീവനക്കാരെയാണ് നോട്ടിസ് അയക്കാൻ മാത്രമായി കെൽട്രോൺ നിയോഗിച്ചിട്ടുള്ളത്. എന്നാൽ ഇവർക്ക് പരമാവധി 25,000 നോട്ടിസ് മാത്രമേ ഒരു ദിവസം അയക്കാൻ സാധിക്കുള്ളു. അതിനാൽ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം ജീവനക്കാർ അധികമാകുന്നതോടെ ചെലവും കൂടും. അതുകൊണ്ട് തന്നെ നോട്ടിസ് അയക്കാനുള്ള ചെലവും അനുവദിച്ചു നൽകിയാൽ കൂടുതലാകുമെന്ന് കെൽട്രോണിന് പരാതിയുണ്ട്. ഇത് സംബന്ധിച്ച അന്തിമ ധാരണാപത്രത്തിൽ വ്യക്ത വരുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.