പബ്ജി ഗെയിമിന്റെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’ ഉടൻ തിരിച്ചെത്തും. ഗെയിമിന് മേലുള്ള വിലക്ക് നീക്കി മൂന്ന് മാസത്തോളം കേന്ദ്ര സർക്കാരിന്റെ ശക്തമായ നിരീക്ഷണത്തിൽ ഇന്ത്യയിൽ ലഭ്യമാക്കും. ഈ കാലയളവിൽ ഗെയിം നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് തീരുമാനം.
ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റൺ വികസിപ്പിച്ചെടുത്ത ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം സുരക്ഷാ പ്രശ്നങ്ങളാൽ 2022 ജൂലൈയിലാണ് ഇന്ത്യയിൽ നിരോധിച്ചത്. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നായിരുന്നു ഈ നിരോധനം. സമാനമായ കാരണങ്ങളാൽ പബ്ജി ഗെയിമും ഇന്ത്യയിൽ നിരോധിച്ചിരുന്നു. വിലക്ക് നീങ്ങുന്ന മുറക്ക് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവ വഴി ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
തുടക്കത്തിൽ 90 ദിവസമായിരിക്കും ഇന്ത്യയിൽ ഗെയിം ലഭ്യമാക്കുക. എന്നാൽ ദിവസം മുഴുവൻ ഗെയിം ലഭ്യമാകില്ലെന്നാണ് നിഗമനം. ഈ കാലയളവിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് അധികൃതർക്ക് ബോധ്യമായാൽ ആപ്പ് നിയന്ത്രണങ്ങളില്ലാതെ ലഭ്യമാക്കും. നിരോധനം പിൻവലിച്ചാൽ ഗെയിമിൽ രക്തം എങ്ങനെ ചിത്രീകരിക്കുമെന്നത് വ്യക്തമല്ല. ഇ-സ്റ്റോറുകളിൽ നിന്ന് ആപ്പ് അൺബ്ലോക്ക് ചെയ്തെന്ന ഉത്തരവ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉടൻ പുറപ്പെടുവിക്കുമെന്നാണ് നിഗമനം.