മുപ്പത്തിരണ്ടാമത് അറബ് ലീഗ് ഉച്ചകോടി വെള്ളിയാഴ്ച സൌദിയിൽ നടക്കും. ഉച്ചകോടിക്ക് മുന്നോടിയായി സൗദിയിലെ ജിദ്ദയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേർന്നു. അറബ് ലീഗ് യോഗത്തിലേക്കുള്ള ചർച്ചാ വിഷയങ്ങളും കരടും മന്ത്രിമാരുടെ യോഗം തയ്യാറാക്കി.
സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, സിറിയ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. സിറിയയെ വീണ്ടും അറബ് ലീഗിലേക്ക് സ്വാഗതം ചെയ്താണ് ഈ ഉച്ചകോടിയുടെ പ്രത്യേകത. 2011-ൽ സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദിൻ്റെ ഭരണത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് സിറിയയുടെ അംഗത്വം താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് ശേഷം സിറിയ പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണിത്.
ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതോടെയാണ് സിറിയയ്ക്കും അവസരം ഒരുങ്ങിയത്. കഴിഞ്ഞകാലത്തേക്കല്ല, ഭാവിയിലേക്കാണ് നോക്കേണ്ടതെന്ന് സിറിയൻ വിദേശകാര്യമന്ത്രിയും ഇതിനിടെ പ്രതികരിച്ചു. ഉച്ചകോടിക്ക് മുന്നോടിയിയാ അറബ് ലീഗ് മന്ത്രിമാരുടെ സാമ്പത്തിക, സാമൂഹിക കൗൺസിൽ യോഗവും ചേർന്നിരുന്നു.
സുഡാനിലെ ആഭ്യന്തര കലാപം സംബന്ധിച്ചും ഉച്ചകോടി നിലപാടുകൾ പ്രഖ്യാപിക്കും. ജിദ്ദയിലെ റോയൽ കോർട്ടിന് കീഴിൽ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്ര തലവന്മാർക്ക് സൗദി സ്വീകരണം നൽകിത്തുടങ്ങി. അന്താരാഷ്ട്ര മാധ്യമ സംഘങ്ങളും ജിദ്ദയിലെത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങൾ തമ്മിലുളള ബന്ധവും ആശയവിനിമയും മെച്ചപ്പെടുത്താനാകുമെന്നാണ് ഉച്ചകോടിയുടെ പ്രധാന പ്രതീക്ഷ.