ആറ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജിസിസി റെയിലിന്റെ സ്വപ്ന ട്രാക്കിൽ കുതിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. സാധ്യതാ, ഗതാഗത പഠനങ്ങൾ പൂർത്തിയായതിന് ശേഷമുള്ള പദ്ധതിയുടെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് ജിസിസി. മേൽനോട്ടത്തിനായി രൂപീകരിച്ച ജിസിസി റെയിൽവേ അതോറിറ്റി അംഗ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ഇപ്പോൾ. അബുദാബിയിൽ ഇന്നലെ സമാപിച്ച മിഡിൽ ഈസ്റ്റ് റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് ഇക്കാര്യം വിശദീകരിച്ചത്.
യുഎഇയും സൗദിയുമാണ് പദ്ധതിയിൽ കൂടുതൽ അടുത്ത് നിൽക്കുന്ന രാജ്യങ്ങൾ. ജിസിസി റെയിൽവേ അതോറിറ്റി വിദഗ്ധൻ നാസർ അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. അതാത് രാജ്യങ്ങളിലെ റെയിൽ ശൃംഖലയുമായി അംഗ രാജ്യങ്ങൾ ബന്ധിപ്പിക്കുന്നതോടെ 2117 കിലോ മീറ്റർ നീളമുള്ള ജിസിസി റെയിൽ പദ്ധതി യാഥാർഥ്യമാകും. ആറ് രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും ജിസിസി റെയിൽ സർവീസ് എന്ന് അധികൃതർ അറിയിച്ചു. അതേസമയം യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കിലോ മീറ്റർ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കിലോ മീറ്റർ പൂർത്തിയായി എന്നും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.
ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സൊഹാർ തുറമുഖത്തെ യുഎഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിനുള്ള് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്. ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും ഇതിനോടകം പൂർത്തിയായിട്ടുമുണ്ട്. കൂടാതെ ബഹ്റൈനെ ജിസിസി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലത്തിന്റെ പദ്ധതിയുടെ ആദ്യഘട്ടവും കുവൈത്തിന്റെ 111 കി.മീ റെയിൽവേ ട്രാക്കിന്റെ രൂപകൽപനയും പൂർത്തിയായിട്ടുണ്ട്. റെയിൽവേ ട്രാക്കുകളുടെ ഏകീകൃത മാനദണ്ഡങ്ങളും പൊതു മാർഗ നിർദേശങ്ങളും സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി ജിസിസി റെയിൽവേ അതോറിറ്റി അംഗ രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്നും അൽഖഹ്താനി കൂട്ടിച്ചേർത്തു.