കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുൾ നാസർ മഅ്ദനി കുറ്റവിമുക്തൻ. മഅ്ദനി ഉൾപ്പെടെ നാല് പേരെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്.
മഅ്ദനിയെക്കൂടാതെ എ.ടി മുഹമ്മദ് അഷ്റഫ് മാറാട്, എം.വി സുബൈർ പയ്യാനക്കൽ, അയ്യപ്പൻ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളിൽ സ്പർധയുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
ഒന്നാംപ്രതി മുഹമ്മദ് അഷ്റഫിനെ പാക്കിസ്ഥാനിലേക്ക് തീവ്രവാദ പരിശീലനത്തിന് അയക്കാൻ ശ്രമിച്ചു, കോയമ്പത്തൂർ സ്ഫോടനത്തിന് ആയുധം എത്തിക്കാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അന്ന് മദനിക്കെതിരെ ചുമത്തിയിരുന്നത്. കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.