മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഇതുവരെ മറ്റാർക്കും കൈവരിക്കാൻ സാധിക്കാത്ത അപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ് മലയാളികളുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. താരത്തിന്റെ നൂറാം ചിത്രമായ ‘2018’ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയതാണ് ചാക്കോച്ചന്റെ അപൂർവ്വ നേട്ടം. ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസകളും കയ്യടികളും നേടി മുന്നേറുകയാണ്. പ്രളയ ഭീതിയിൽ ഉള്ളിലെ ഞെട്ടലും അമർഷവും ദേഷ്യവും ഉൾക്കൊണ്ട് നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന ഷാജി മലയാളികളുടെ മനസ്സിൽ എക്കാലവും ഓർമിക്കപ്പെടുന്ന കഥാപാത്രമാണെന്ന് നിസ്സംശയം പറയാം.
1981-ൽ താരത്തിന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ‘ധന്യ’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നത്. പഠനകാലത്തിന് ശേഷം ഫാസിൽ തന്നെ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവി’ലൂടെ കുഞ്ചാക്കോ ബോബൻ നായകനായും വെള്ളിത്തിരയിലെത്തി. കഴിഞ്ഞ മാർച്ച് 26നായിരുന്നു ‘അനിയത്തിപ്രാവ്’ എന്ന സിനിമയുടെ 25ആം വാർഷികം ആഘോഷിച്ചത്. താരമൂല്യം കൊണ്ട് ഒട്ടേറെ ചിത്രങ്ങൾ ആ സമയത്ത് ചെയ്ത നടൻ പിന്നീട് സിനിമ രംഗത്തുനിന്നും കുറച്ച് കാലത്തേക്ക് മാറി നിന്നിരുന്നു.
പിന്നീട് ചോക്ലേറ്റ് പയ്യൻ എന്ന ഇമേജിൽ നിന്നും മാറ്റം വരുത്തിക്കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ തിരിച്ചുവരവ്. പിന്നീടങ്ങോട്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വ്യത്യസ്തമായ മേക്കോവറുകൾ പരീക്ഷിക്കാനും അദ്ദേഹം ശ്രമിച്ചു. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും താരം മികവ് പുലർത്തി. അതിന് ഉദാഹരണങ്ങളാണ് ‘ട്രാഫിക്കി’ലെ നിർണായക കഥാപാത്രമായ ഡോ.ഏബലും ‘വേട്ട’യിലെ മെൽവിൻ ഫിലിപ്പും.
2020 ൽ പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ത്രില്ലറാണ് അൻപത് കോടി ക്ലബ്ബിൽ കയറുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം. ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. നായക പ്രതി നായക വേഷങ്ങളിൽ തിളങ്ങുമ്പോൾ അഭിനയ രംഗത്ത് തന്റേതായ ഇടമുറപ്പിക്കാനും കുഞ്ചാക്കോ ബോബന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം 255 ദിവസങ്ങളിലേറെ തിയറ്ററുകളിൽ നിറഞ്ഞോടിയ അനിയത്തിപ്രാവും റിലീസ് ചെയ്ത് ദിവസങ്ങൾക്കകം 100 കോടി ക്ലബ്ബിൽ ഇടം നേടിയ 2018നും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരത്തിന്റെ ഈ രണ്ടു ചിത്രങ്ങളും മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഹിറ്റായത്. പ്രൊമോഷനുകളോ ഇന്റർവ്യൂകളോ ഇല്ലാതെ തന്നെ പ്രേക്ഷകർ ഹിറ്റാക്കിയ രണ്ട് ചിത്രങ്ങൾ.