ഷാർജയിൽ കാര്യക്ഷമവും സുതാര്യവുമായ സേവന സംവിധാനം മെച്ചപ്പെടുത്താൻ ഷാർജ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് തീരുമാനിച്ചു. ഷാർജയുടെ വികസനവും ജനങ്ങളുടെ മികച്ച ജീവിതവും ലക്ഷ്യമിട്ടാണ് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത ഷാർജ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് അറിയിച്ചത്.
സംഘടനാ ഘടനയുടെ ഫലപ്രാപ്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും ഫണ്ട് അതിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിന്തുടരുന്ന പ്രവർത്തന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി ആറ് തരം സേവനങ്ങളാണ് ഷാർജ സെക്യൂരിറ്റി ഫണ്ട് നൽകുന്നത്. തൊഴിൽ ദാതാക്കളെയും ഇൻഷ്വർ ചെയ്ത വ്യക്തികളെയും രജിസ്റ്റർ ചെയ്യുക, ട്രാൻസ്ഫർ ചെയ്യുന്ന സമയത്ത് ഇൻഷ്വർ ചെയ്ത വ്യക്തികളെ രജിസ്റ്റർ ചെയ്യുക, പ്രതിമാസ സബ്സ്ക്രിപ്ഷനുകൾ, സേവനം അവസാനിപ്പിക്കൽ, സേവനം ഉൾപ്പെടുത്തൽ എന്നിവ ഉൾപ്പെടെ ആറ് സേവനങ്ങളാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് വിരമിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും മാന്യമായ ജീവിതം പ്രദാനം ചെയ്യുന്നതിനും എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ എച്ച്.എച്ച് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടും നിർദ്ദേശങ്ങളും അനുസരിച്ചാണ് ഫണ്ട് പ്രവർത്തിക്കുന്നത്.