കർണ്ണാടകയിൽ ലീഡ് കേവല ഭൂരിപക്ഷത്തിന് മുകളിൽ ഉയർന്നതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി. ഡൽഹി എഐസിസി ആസ്ഥാനത്തും പ്രവർത്തകർ ആഘോഷ പ്രകടനം ആരംഭിച്ച് കഴിഞ്ഞു.
അതിനിടെ രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ‘അജയ്യൻ’ എന്ന് കോൺഗ്രസ് പങ്കുവെച്ചു.’ഞാൻ അജയ്യനാണ്. ഇപ്പോൾ എനിക്ക് ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാവില്ല’ എന്നാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാനം ലഭിച്ച കണക്ക് പ്രകാരം കോൺഗ്രസ് 111, ബിജെപി 73, ജെഡിഎസ് 30, മറ്റുള്ളവർ 5 എന്നിങ്ങനെയാണ് കണക്ക്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ കോൺഗ്രസിന്റെ മാസ്റ്റർ മൈന്റുമായ ഡികെ ശിവകുമാറിന്റെ ലീഡ് നില 12,000 കടന്നു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ ചിറ്റ്പൂരിൽ ലീഡ് ചെയ്യുകയാണ്. എന്നാൽ പാർട്ടി സംസ്ഥാനത്ത് വൻ മുന്നേറ്റം നേടുമ്പോഴും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പിന്നിലാണ്. ബിജെപിയുടെ എട്ട് മന്ത്രിമാരടക്കം ഈ ഘട്ടത്തിൽ പിന്നിലാണ്. ആറിൽ അഞ്ച് മേഖലകളിലും ആധിപത്യം തുടരുന്ന വേളയിൽ കോൺഗ്രസ് ക്യാമ്പുകൾ വലിയ ആഘോഷങ്ങൾ ആരംഭിച്ചു.