സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള് പ്രാഥമിക കരാറിൽ സുഡാൻ സൈന്യത്തിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെയും പ്രതിനിധികൾ ഒപ്പുവെച്ചു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെ ജിദ്ദയിൽ വെച്ചാണ് ഇരുവിഭാഗവും കരാറിൽ ഒപ്പുവെച്ചത്. ഒരാഴ്ച മുമ്പായിരുന്നു സുഡാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് വേണ്ടി സൗദിയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിൽ ശ്രമങ്ങൾ ആരംഭിച്ചത്.
സൗദിയുടെയും അമേരിക്കയുടെയും മേൽനോട്ടത്തിൽ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ ഇരുവിഭാഗവും വിജയകരമായി പൂർത്തിയാക്കുകയും പ്രാഥമിക ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതിനിധികൾ പ്രതിജ്ഞാകരാറിൽ ഒപ്പുവെച്ചത്.
സിവിലിയന്മാർക്ക് ദ്രോഹമുണ്ടാക്കുന്ന ആക്രമണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തി. സുഡാനീസ് ജനതയുടെ താൽപ്പര്യങ്ങൾക്കാണ് ഈ കരാർ മുൻഗണന നൽകുക. സാധാരണക്കാർക്ക് ദോഷം വരുത്താതിരിക്കാൻ സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഉപരോധിച്ചതും ശത്രുത നിലനിൽക്കുന്നതുമായ പ്രദേശങ്ങളിൽ നിന്ന് സിവിലിയന്മാരെ വിട്ടുപോകാൻ അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.